Friday, October 7, 2011

എന്റെ വെള്ള തട്ടം

ഞാന്‍ കുഞ്ഞായിരുന്നപ്പോള്‍ എന്റെ വല്ല്യുമ്മാക്ക് ഒരു വെള്ളതട്ടമുണ്ടായിരുന്നു. പൊടി പിടിച്ചു നിറം മങ്ങിയ ഒരു വെള്ളത്തട്ടം. വെല്ല്യുമ്മ അതെന്താ വൃത്തിയാക്കി വെക്കാതതെന്നു ഞാന്‍ എപ്പോഴും ആലോചിച്ചിരുന്നു.
പിന്നീട് ഞാന്‍ വലുതായി. എന്റെ ഉമ്മ എനിക്കൊരു വെള്ളത്തട്ടം തയ്പിച്ചു തന്നു. നല്ല വെണ്മയുള്ള തട്ടം. അത് എപ്പോഴും വൃത്തിയാക്കി വെക്കാന്‍ ഞാന്‍ ശ്രമിച്ചു.
പക്ഷേ എന്റെ കയ്യില്‍ നിന്നും അതില്‍ ഒരു പാട് വീണു. ബാക്കി വന്ന ചില്ലറ കൊണ്ട് ആരും അറിയാതെ വാങ്ങിച്ച ഒരു മിഠായിയില്‍ നിന്നും വീണ ചോക്ലേറ്റിന്റെ കറ. നഷ്ടപെട്ട നിഷ്കളങ്കതയുടെ അടയാളം. അത് ആദ്യത്തെ കറ മാത്രമായിരുന്നു. പിന്നീട് വന്ന കറകളില്‍ ഏറ്റവും നിറം കുറഞ്ഞ കറ.
വേനലില്‍ പാടത്തു പന്ത് കളിയ്ക്കാനും മാവില്‍ കേറാനും ആരാന്റെ പറമ്പില്‍ പോയി പറങ്കി അണ്ടി കക്കാനും തോട്ടത്തില്‍ നിന്നും ജാതിക്ക പറിക്കാനും പോയപ്പോള്‍ പാറി വീണ പൊടി തട്ടത്തിന്റെ നിറം മഞ്ഞയാക്കി. ഞാന്‍ ഒരു മരം കേറിപ്പെണ്ണാനെന്നു നാട്ടുകാര്‍ ആ തട്ടം നോക്കിപ്പറഞ്ഞു.
തലയില്‍ പേന്‍ പുഴുത്തപ്പോള്‍ കയ്യില്‍ കിട്ടിയ പേനയുമായി ഞാന്‍ തല ചൊറിഞ്ഞു. തട്ടത്തില്‍ നല്ല നീലപ്പാടുകള്‍ വീണു. ഹീറോ പേനയുടെ റോയല്‍ ബ്ലൂ മഷിയുടെ കറകള്‍. എത്ര കഴുകീട്ടും അത് പിന്നേം പിന്നേം വന്നു, ഞാന്‍ വൃത്തിയും വെടിപ്പുമില്ലാത്ത കുട്ടിയായി മാറി.
കൌമാരത്തില്‍ കൂട്ടുകൂടി നടന്നപ്പോള്‍ വീണ അനുസരണക്കേടിന്റെ കറകള്‍ ഇപ്പോഴും പോയിട്ടില്ല. പേരക്ക മരത്തിന്റെ ചുള്ളികൊണ്ട് അടികിട്ടിയപ്പോള്‍ വീണ പച്ച നിറമുള്ള പാടുകള്‍, ടീച്ചര്‍ ചോക്ക് കൊണ്ടെറിഞ്ഞപ്പോള്‍ വീണ വര്‍ണാഭമായ പാടുകള്‍.
കൌമാരം കഴിഞ്ഞു യുവത്വത്തിലെക്കും കോളേജിലേക്കും ഞാന്‍ പടികയറി. ഒരിക്കല്‍ ആരോ ചൂണ്ടിക്കാണിച്ചു തന്നപോഴാണ് ഞാന്‍ അത് ശ്രദ്ധിച്ചത്, എന്റെ തട്ടത്തില്‍ വൃത്തിയില്ലാത്ത ഒരു കറുത്ത കറ. ഭയങ്കര നാറ്റവും. അതെന്താണെന്ന് എത്ര ആലോചിച്ചിട്ടും അന്നെനിക്ക് മനസ്സിലായില്ല. പിന്നീട് യുവത്വം കഴിഞ്ഞു, സിരകളിലെ രക്തം ചൂടാറിയപ്പോഴാണ് എനിക്ക് പിടികിട്ടിയത്, അതെന്റെ കണ്ണിന്റെ കറയായിരുന്നെന്ന്. കണ്ണുകള്‍ താഴോട്ട് തിരിക്കാന്‍ അള്ളാഹു കല്പിച്ച സന്ദര്‍ഭങ്ങളില്‍ ഞാന്‍ അത് ചെയ്യാത്തതിന്റെ ഫലമായി വീണ കറുത്ത പാട്.
പിന്നീടെപ്പോഴോ എന്റെ തട്ടത്തില്‍ വീണ രക്തത്തിന്റേയും മാംസത്തിന്റെയും പാടുകള്‍ ഞാന്‍ കണ്ടില്ല. ഞാന്‍ പാരദൂഷണക്കാരിയായി മാറിയതും ഞാന്‍ അറിഞ്ഞില്ല. കൂട്ടുകാരുടെ കുറ്റങ്ങള്‍ കണ്ടുപിടിച്ചു പറഞ്ഞു പരത്തുന്നത് എന്റെ ജോലിയായി. അതോടൊപ്പം എന്റെ തട്ടവും പാടുകള്‍ കൊണ്ട് നിറഞ്ഞു.
ഇന്ന് അവേശങ്ങളും ആഗ്രഹങ്ങളുമില്ലാതായി. യുവത്വം കഴിഞ്ഞു. പുതിയ വഴികളിലൂടെ സഞ്ചരിക്കണമെന്നുണ്ട്. പക്ഷെ അതിനു തട്ടം വൃത്തിയുള്ളതു വേണ്ടേ? ഇത് വെച്ചു നോക്കുമ്പോള്‍ എന്റെ വല്ല്യുമ്മയുടെ തട്ടം വളരെ വൃത്തിയുള്ളതായിരുന്നു, അതില്‍ ഇത്തിരി പോടിയല്ലേ ഉണ്ടായിരുന്നുള്ളൂ! ഞാന്‍ തട്ടം കഴുകാന്‍ തീരുമാനിച്ചു. ആദ്യം സോപ്പ് കൊണ്ട് കഴുകി, കറകള്‍ പോയില്ല. പിന്നെ തിളപ്പിച്ചു. എനിട്ടും കറകള്‍ പോയില്ല. ക്ലോറക്സില്‍ മുക്കി വെച്ചു. എനിട്ടും വിഫലം. കറകള്‍ ശോഭിച്ചങ്ങിനെ നില്‍കുന്നു. ഇനി എന്ത് ചെയ്യും? ഞാന്‍ തലപുകച്ചു.
എന്റെ തട്ടമല്ല, എന്നെയാണ് കഴുകേണ്ടതെന്നു ഞാന്‍ എന്നാണ് മനസ്സിലാക്കുക? എന്റെ ഹൃദയത്തിലാണ് ഈ കറകളൊക്കെയും എന്ന് ഞാന്‍ എന്നാണറിയുക?