Thursday, January 31, 2013

സല്‍ക്കാരം

"എന്റെ നിലുമോള് പോയി നില്‍ക്കുന്ന വീടാ. അവിടെയുള്ളവരെ എങ്ങിനെയെങ്കിലും സന്തോഷിപ്പിച്ചു വിടണം."
ഉമ്മമ്മാന്റെ കമന്റ്‌ കേട്ടപ്പോള്‍ സജ്നാക്ക് ഓര്‍മ വന്നത് അവളുടെ കോളേജ് ജീവിതമായിരുന്നു. നല്ല മാര്‍ക്കു കിട്ടാന്‍ വേണ്ടി പുറത്ത് നിന്നും വരുന്ന എക്സ്റ്റേര്‍ണല്‍ എക്സാമിനറെ കൊണ്ടുപോയി ഫൈവ് സ്റാര്‍ ഹോട്ടലില്‍ താമസിപിച്ചു നല്ല ഭക്ഷണവും കൊടുത്തു പറഞ്ഞയക്കും. സാധാരണ SFI-കാര്‍ ഫൈവ് സ്റാര്‍ ഹോട്ടല്‍ കണ്ടാല്‍ അറിയാതെ മുദ്രാവാക്യം വിളിക്കുമെന്കിലും ഈ ഒരു കാര്യത്തില്‍ അവര്‍ക്കും നല്ല ഒത്തൊരുമയാണ്. യൂണിയന്‍ ചെയര്‍മാന്‍ സഘാവ് തന്നെ എല്ലാ കാര്യങ്ങളും ശരിക്ക് നോക്കി നടത്തും. ആ സഘാവിന്റെ ചിന്താഗതി തന്നെയാണ് ഇന്ന് ഉമ്മമ്മാക്കും ഉള്ളത്. സ്വന്തം മോള് പോയി താമസിക്കുന്ന വീട്ടുകാരെ ത്രിപ്തിപെടുത്തുക - അവള്‍ക് നല്ല മാര്‍ക്കു വാങ്ങി കൊടുക്കുക. അതിനു വേണ്ടിയാണ് ഉമ്മമ്മ ഈ പെടാ പാടെല്ലാം ചെയ്യുന്നത്.
നിലു സജ്നാന്റെ കുഞ്ഞുമ്മയാണ്, അതായത് ഉമ്മാന്റെ അനിയത്തി. നിലൌഫര്‍ അജ്മല്‍ എന്ന നിലൂനെ കോട്ടക്കലില്‍ നിന്നും കല്യാണം കഴിപ്പിച്ചിരിക്കുന്നത് തലശേരിയിലേക്കാണ്. നല്ല ഒരു ആലോചന വന്നപ്പോള്‍  ദൂരമോന്നും ഇരുകൂട്ടരും ശ്രദ്ധിച്ചില്ല. അജ്മല്‍ എളാപ്പാന്റെ  വീട്ടുകാര്‍ ഒരു പഴയ തറവാട്ടിലെ അംഗങ്ങളാണ്, അതുകൊണ്ട് തന്നെ എല്ലാ മാമൂലുകളും അവിടെയുണ്ട്.
ഇന്ന് അജ്മല്‍ എളാപ്പാന്റെ ഉമ്മയും പെങ്ങളും അടുത്ത വീട്ടിലെ പയ്യനും കൂടി ഇവിടെ വരുന്നുണ്ട്. അവര്‍ വരുന്നെന്നു കേട്ടപ്പോള്‍ തുടങ്ങിയതാ ഉമ്മമ്മക്ക് ഒരു ഹാലിളക്കം. അവര്‍ക്കെന്താ കൊടുക്കുക, അവര്‍ക്കതിഷ്ടമാകുമോ എന്നെല്ലാം ആലോചിച്ചു തല പുകക്കുന്നു.
മലയാളികള്‍ ഭക്ഷണം കൊണ്ട് സ്നേഹം പ്രകടിപ്പിക്കുമെന്നു കേട്ടിട്ടുണ്ട്. അറബികളുടെ ഹൃദയത്തിലേക്കുള്ള വഴി അവരുടെ ആമാശയത്തിലൂടെയാണെന്ന ഒരു പഴഞ്ചൊല്ലുമുണ്ട്. അപ്പൊ ഈ മാപ്പിളമാരുടെ കാര്യം പറയണോ? മലയാളികളുടെ സ്നേഹവും അറബികളുടെ വഴിയും കൂടി വരുമ്പോള്‍ അവര്‍ തീറ്റ പ്രിയന്മാരും സല്കാര പ്രിയകളും ആയില്ലെന്കിലേ അദ്ഭുതമുള്ളൂ.
                     
                                            ***************
ഇന്നലെ തുടങ്ങിയതാ ഒരുക്കങ്ങള്.
"അജ്മലിന്റെ ഉമ്മാക്ക് നെയ്ച്ചോറും ബിരിയാണിയും ഇഷ്ടമല്ല. അപ്പൊ പിന്നെ അവര്‍ക്ക് ചോറ്  വെക്കാം. കൂടെ മീന്‍കറിയും മോരുകറിയും ഉപ്പേരിയും മീന്‍ പൊരിച്ചതും." ഉമ്മമ്മ പറഞ്ഞു.
"വേണമെങ്കില്‍ കോഴി വരട്ടുകയും ചെയ്യാം. വെറും മീന്‍ മാത്രം കൊടുക്കുന്നത് ശരിയല്ലല്ലോ." ആഇശാത്ത പറഞ്ഞു. വീട്ടു ജോലിക്ക് സഹായത്തിനു വരുന്ന ഇത്തയാണ് ആഇശാത്ത.
"പക്ഷെ അവര്‍ കോഴി കൂട്ടില്ല. അപ്പൊ നമ്മള്‍ക്ക് മട്ടണ്‍ വാങ്ങിക്കാം. എന്നിട്ട് അത് വരട്ടാം." ഉമ്മമ്മ ഓര്‍ത്തെടുത്തു. "പക്ഷെ നിലൂന്റെ നാത്തൂനും ആ പയ്യനും അത് കൊടുക്കാന്‍ പറ്റില്ല. നമ്മള്‍ക് ബിരിയാണിയും വെക്കാം."
"അവര്‍ക്ക് നമ്മുടെ ബിരിയാണി പറ്റുമോ ആവോ. തലശ്ശേരിക്കാര്‍ ബിരിയാണിയില്‍ നല്ല expert ആണ്. നമ്മുടെ ബിരിയാണി അവരുടെ അത്ര നന്നാവില്ല." ആഇശാത്ത പരിഭവപെട്ടു.
"ഒരു കാര്യം ചെയ്യാം. കുറച്ചു നെയ്ച്ചോറും +കുറച്ചു ബിരിയാണിയും വെക്കാം. മട്ടണ്‍ വരട്ടാം, കോഴി കുറച്ചു കറിയും വെക്കാം. പിന്നെ കോഴി പൊരിക്കുകയും ചെയ്യാം."
അങ്ങിനെ വിഭവങ്ങള്‍ തീരുമാനിക്കപ്പെട്ടു. അപ്പൊ ഉപ്പപ്പയ്ക്ക് ഒരു സംശയം, "അവര്‍ രാവിലെ വരുന്നതല്ലേ? അപ്പൊ രാവിലത്തേക്ക് എന്തെങ്കിലും കൊടുക്കേണ്ടേ?"
"ശരിയാ." ഉമ്മമ്മാക്ക് അപ്പോഴാണ് ആ കാര്യം ഓര്മ വന്നത്. സ്വതവേ എല്ലാ കാര്യത്തിനും ഉമ്മമ്മയും ഉപപപ്പയും രണ്ടു അഭിപ്രായക്കാരാണെങ്കിലും ഈ കാര്യത്തില്‍ അവര്‍ക്ക് ഒരേ മനസ്സാണല്ലോ എന്ന് സജ്ന അദ്ഭുതപെട്ടു.
"ആഇശാ ... അപ്പൊ രാവിലെ അവര്‍ക്ക് എന്ത് കൊടുക്കും?" ഉമ്മമ്മാക്കു വീണ്ടും ബി.പ കൂടി.
"കുറച്ച് പത്തിരിയും വെള്ളപ്പവും ഉണ്ടാകാം. മട്ടണ്‍ കറിയും  വെക്കാം. എന്തേയ്?"
"ഹും.... ഇത്തിരി വെജിറ്റബിള്‍ കുറുമയും വെക്കാം. ഇനി രാവിലെ തന്നെ മട്ടന്‍ ഒന്നും ഇഷ്ടപെട്ടില്ലെങ്കിലോ..." ഉമ്മമ്മ മെനു തയ്യാറാക്കി, വോട്ടിനിട്ട് പാസ്സാക്കിയെടുത്തു. അപ്പോഴാണ്‌ ഉമ്മമ്മ സജ്ന അവിടെ നില്കുന്നത് കണ്ടത്.
"ആ.. സജ്ന ഇവിടെ നില്പുണ്ടോ... ഞാന്‍ കണ്ടില്ല. എന്തായാലും നീ ഇവിടെ ഉള്ളത് നന്നായീ. അന്റെ ഹോം സയന്‍സ് വിഭവങ്ങള്‍ ഇവിടെ പരീക്ഷിക്കാമല്ലോ. ഇയ്യ്‌ നാളെ നല്ല വല്ല ഫ്രൂട്ട് സാലാടോ മറ്റോ ഉണ്ടാക്കണം."
ഹോം സയന്‍സ് എടുക്കാന്‍ തോന്നിയ നിമിഷത്തെ ശപിച്ചു കൊണ്ട് സജ്ന തന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ഉമ്മാന്റെ അടുത്ത് നിന്നും അടുക്കളപ്പണിയില്‍നിന്നു രക്ഷപെട്ടു വന്നപ്പോള്‍ ഇവിടെ പന്തം കൊളുത്തി പടയായല്ലോ റബ്ബേ എന്നൊരു നെടുവീര്‍പ്പും വന്നു. ലോകത്തിലുള്ള എല്ലാ ഫ്രൂട്ട് സാലടിന്റെയും റസീപ്പി നെറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തു അതില്‍ കേരളത്തില്‍ കിട്ടുന്ന ചേരുവകള്‍ ഉള്ളത് തപ്പിയെടുത്ത് അതില്‍ നല്ലതെന്നു തോന്നിയ ഒരെണ്ണം തിരഞ്ഞെടുത്തു. വേടിക്കേണ്ട സാധനങ്ങളുടെ ലിസ്റ്റും തയ്യാറാക്കികൊടുത്തു. ഇന്നലെ സജ്ന ഉറങ്ങുബോള്‍ ഉമ്മമ്മ കിടന്നിട്ടുകൂടി ഇല്ലായിരുന്നു.
                                    **************************
രാവിലെ അടുക്കളയില്‍ നിന്നുള്ള ബഹളം കേട്ടാണ് സജ്ന എണീറ്റത്. കര്‍ട്ടന്‍ മാറ്റി നോക്കിയപ്പോള്‍ പുറത്താകെ ഇരിട്ടു തന്നെ. അടുക്കളയിലെത്ത്തിയപ്പോള്‍ ഉമ്മമ്മ പറയുന്നത് കേട്ടു, " അഞ്ചു മണിക്കുള്ള ട്രെയിനിനു പോന്നാല്‍ ഒരു ഒന്‍പതു മണിക്കിവിടെ എത്താണ്ടിരിക്കില്ല. വേകം ഭക്ഷണം റെഡിയാക്കണം അയിഷാ."
സജ്നാക്ക് അടുക്കളയില്‍ കടന്നതെ ഓര്‍മയുള്ളൂ. പിന്നെ ഒര്മാവരുമ്പോള്‍ കേള്‍കുന്നത് ഉമ്മമ്മാന്റെ ഡയലോഗ് ആണ്, "അയ്യോ ഒന്‍പതു മണിയായി. ഇനി എപ്പോ വേണമെങ്കിലും അവര്‍ എത്തും."
അപ്പോഴേക്കും പത്തിരി, വെള്ളപ്പം, പച്ചക്കറി കുറുമ, മട്ടന്‍ കറി എന്നിവ റെഡിയായിരുന്നു. പിന്നെ ചായയും ബട്ടര്‍ ഫ്രൂട്ട് ജൂസും (ഇനി ബട്ടര്‍ ഫ്രൂട്ട് ജൂസെങ്ങാനും ഇഷ്ടപെട്ടില്ലെന്കില്‍ കുടിക്കാന്‍ ) നാരങ്ങ വെള്ളവും.
നമ്മുടെ റെയില്‍വേന്റെ സമയ നിഷ്ഠ കാരണം അവര്‍ എത്തിയപ്പോള്‍ സമയം പതിനൊന്ന് മണി. അപ്പൊ തന്നെ അവരെ ജൂസ്‌ കൊടുത്തു സല്കരിച്ചു. ഒരഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ അവരുടെ പ്രധിഷേധമൊന്നും വകവെക്കാതെ ചായയും പലഹാരങ്ങളും വിളമ്പി.
"ഇതൊന്നും വേണ്ടായിരുന്നു. ഞങ്ങള്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍നിന്നും ചായയും ഭക്ഷണവും കഴിച്ചതാ." നിലുക്കുഞ്ഞിമ്മാന്റെ ഉമ്മ പറയുന്നുണ്ടായിരുന്നു. പക്ഷെ ഉമ്മമ്മ അതൊന്നും കേട്ടതായിപ്പോലും നടിച്ചില്ല.
അവര്‍ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോള്‍ ഉമ്മംമക്ക് വേറെ ഒരു ബോധോദയമുണ്ടായി - "ഇനി അവര്‍ക്ക് തണുപ്പുള്ള ഫ്രൂട്ട് സലാഡ്‌ ഇഷ്ടമായില്ലെന്കിലോ? അപ്പൊ പിന്നെ കുറച്ചു പായസവും വെക്കാം."
 ഉടനെ ആഇശാത്തയും ഉമ്മയും അതിനുള്ള ഓട്ടത്തിലായി. സജ്നാനെ അതിഥികളെ സല്കരിക്കാനും നിയോഗിച്ചു.
"ഞങ്ങള്‍ക്ക് വേകം പോണം, മോളേ." നിലുക്കുഞ്ഞിമ്മാന്റെ ഉമ്മ സാജനാന്നോടായി പറഞ്ഞു. അവരുടെ കൂടെ വന്ന പയ്യനെ ചൂണ്ടി വീണ്ടും തുടര്‍ന്നു, " ഇവനു അഞ്ചു മണിക്ക് തലശ്ശേരി ഒരു മീറ്റിംഗ് ഉണ്ട്. അതിനു അവിടെ എത്തണം. ഒരു പന്ത്രണ്ടരയോടെ ഇവിടുന്നു ഇറങ്ങണം."
അപ്പൊ ചോറ്, കരി, ഉപ്പേരി, മീന്‍, നയ്ചോര്‍, ബിരിയാണി, ചിക്കന്‍, മട്ടന്‍,...?
സജ്ന ഒരു വിതത്തില്‍ അവിടെ നിന്നും തലയൂരി നേരെ ഉമ്മമ്മാന്റെ അടുത്ത് ചെന്നു. അവര്‍ പായസപ്പണിയിലായിരുന്നു. അത് നിര്‍ത്തിവെക്കാനും ഇവിടെ ഇത് വരെ ഉണ്ടാക്കിയ ഭക്ഷണം ദാനം ചെയ്യാനും ഉപദേശിച്ചു സജ്ന പറഞ്ഞു, "അവര്‍ക്ക് പന്ത്രണ്ടരയ്ക്ക് ഇവിടെ നിന്നും പോണമെന്നാ പറയുന്നത്."
"അതൊന്നും പറഞ്ഞാല്‍ പറ്റില്ല. ഉച്ച ഭക്ഷണം കഴിഞ്ഞേ അവര്‍ പോകൂ." ഉമ്മമ്മ തറപ്പിച്ചു പറഞ്ഞു. " ഞാന്‍ സംസാരിക്കാം." ഉമ്മമ്മ അവരുടെ അടുക്കലേക്ക് പോയി. അഞ്ചു മിനിറ്റ് കഴിഞ്ഞു വീണ്ടും അടുക്കളയില്‍ തിരിച്ചെത്തി.
"അവര്‍ക്ക് പെട്ടന്ന് പോണമെത്രെ. ഇനി ഇപ്പൊ എന്ത് ചെയ്യും?"
"എന്നാ പിന്നെ വേകം ഊണും എടുക്കാം. ഒരുമണിക്ക് ഭക്ഷണം കഴിച്ചിട്ട് രണ്ടു മണിക്കുള്ള ട്രെയിനിനു പോയിക്കോട്ടേ." ഉപ്പപ്പ നിര്‍ദേശിച്ചു.
"ഉമ്മമ്മ വീണ്ടും അവരുമായി ചര്‍ച്ച ചെയ്യാന്‍ പോയി.
"ഇനി ഇപ്പൊ ഭക്ഷണമൊന്നും വേണ്ട ഉമ്മാ... ഇനി എങ്ങിനെയാ ഞങ്ങള്‍ ഭക്ഷണം കഴിക്കുക? ഇപോ തന്നെ വയര്‍ ഫുള്ളായി."  നിലുക്കുഞ്ഞിമ്മാന്റെ ഉമ്മ പറഞ്ഞു.
"ഒരു രണ്ടു പത്തിരി തിന്നുമ്പോഴേക്കും വയരെങ്ങിനെ നിറയാനാണ്? നിങ്ങള്‍ വെറുതെ പറയുന്നതാ." ഉമ്മ വിട്ടുകൊടുത്തില്ല.
"മാത്രമല്ല ഇവനു ഒരു മീടിങ്ങും ഉണ്ട്. അവനെ അഞ്ചു മണിക്ക് മുന്നേ ഒഴിവാക്കി കൊടുക്കാം എന്നാ ഒരു ഉറപ്പു കൊടുത്തിട്ടാണ് അവന്‍ ഞങ്ങള്‍ക്ക് കൂട്ടിനു പോന്നത്."
"എന്നാ നിങ്ങള്‍ക്ക് രണ്ടു മണിയുടെ ട്രെയിനിനു പോകാം. ഞങ്ങള്‍ ഒരുമണിക്ക് ഭക്ഷണം വിളമ്പാം."
ഉമ്മമ്മ പിന്നെയും സ്നേഹപൂര്‍വ്വം നിര്‍ബന്ധിച്ചു. അങ്ങിനെ മനസില്ലാമനസ്സോടെ അവര്‍ക്ക് വഴങ്ങേണ്ടി വന്നു. പതിനൊന്നരയോടെ ചായ കഴിച്ചു എണീറ്റവര്‍ പന്ത്രണ്ടരയോടെ വീണ്ടും ഭക്ഷണത്തിനായി ഇരുന്നു. മേല്‍ പറഞ്ഞ വിഭാവള്‍ക്ക് പുറമേ സലാഡും ഫ്രൂട്സും അച്ചാറും ചമ്മന്തിയും തൈരും എല്ലാമുണ്ടായിരുന്നു. കുറച്ചു കഴിച്ചെന്നു വരുത്തി ആശ്വാസത്തോടെ എണീറ്റ അവരുടെ മുന്നിലേക് വീണ്ടും ഫ്രൂട്ട് സലാടിന്റെയും പായസത്തിന്റെയും ബൌളുകള്‍ എത്തി.  നിലുക്കുഞ്ഞിമ്മാന്റെ ഉമ്മാന്റെ മുഖം കണ്ടപ്പോള്‍ സജ്നാക്ക് ശെരിക്കും സഹതാപം തോന്നി. ഫ്രൂട്ട് സലാഡ്‌ എടുത്തവരെ പായസം എടുക്കാനും പായസം എടുത്തവരെ ഫ്രൂട്ട് സലാഡ്‌ എടുക്കാനും നിര്‍ബന്ധിക്കാന്‍ ഉമ്മമ്മ മറന്നില്ല.
എല്ലാം കഴിഞ്ഞിറങ്ങുമ്പോള്‍ ഒരു രക്ഷപ്പെടലിന്റെ മുഖഭാവമായിരുന്നു അവര്‍ക്കെല്ലാം.
 "കൊല്ലത്തില്‍ ഒന്നോ രണ്ടോ പ്രാവിശ്യം മാത്രമേ അവര്‍ ഇങ്ങോട്ട് വരുന്നുള്ളൂ. അപ്പോഴെങ്കിലും അവര്‍ക്ക് നേരെ ചൊവ്വേ ഭക്ഷണം കൊടുക്കേണ്ടേ?" ഉമ്മമ്മ പറയുന്നുണ്ടായിരുന്നു.
" അജ്മല്‍ന്റെ ഉപ്പാന്റെ അസുഖത്തെ പറ്റി ചോദിക്കാന്‍ സമയം കിട്ടിയില്ല..." ഉപ്പപ്പ പറഞ്ഞു.
"ആ... ഒരു കാര്യവും ചോദിച്ചില്ല. ആകെ തിരക്കായിപ്പോയില്ലേ... ഇനി ഫോണ്‍ ചെയ്തു ചോദിക്കാം ബാക്കി വിശേഷങ്ങള്...", ഉമ്മമ്മ ഒരു നെടുവീര്‍പ്പോടെ കസേരയില്‍ ചാരിയിരുന്നു.



Wednesday, January 30, 2013

തുമ്പി


പാടത്തു പന്ത് കളിക്കുന്ന കുട്ടികളെ നോക്കി തുമ്പി വീണ്ടും ആലോചിച്ചു - മുത്തച്ച്ചന്‍ പറഞ്ഞ കഥയാണോ അതോ  അമ്മ പറഞ്ഞ കഥയാണോ ശരി?
മുത്തച്ച്ചന്‍ പറഞ്ഞ കഥ ഇതാണ് - മുത്തച്ച്ചന്‍ പണ്ട് ഒരു കുട്ടിയുടെ കൂടെ കളിയ്ക്കാന്‍ പോയി. ആ കുട്ടി മുത്തച്ചനു കുളിക്കാന്‍ കുളവും, കളിയ്ക്കാന്‍ കളവും, ഇരിക്കാന്‍ പൊന്‍ തടുക്കും, ഉണ്ണാന്‍ പൊന്‍ തളികയും, കൈ കഴുകാന്‍ വെള്ളികിണ്ടിയും തോര്‍ത്താന്‍  പുള്ളിപ്പട്ടും നല്‍കി. രാജകീയമായിരുന്നു ആ ദിനങ്ങള്‍.. ഇന്നും മുത്തച്ച്ചന്‍ അതോര്‍ത്ത് ചിരിക്കുന്നതും നെടുവീര്‍പ്പിടുന്നതും കാണാം. കുട്ടികളെ മുത്തച്ചനു ഇപ്പോഴും ഇഷ്ടമാണ്.
പക്ഷെ അമ്മ പറഞ്ഞത് മറ്റൊരു കഥയാണ്. അമ്മയെ പിടിച്ച കുട്ടി അമ്മയെ ഒരു കുപ്പിക്കകത്തിട്ടു. പാവം അമ്മ! ആകെ പേടിച്ചു പോയി. കുറെ കഴിഞ്ഞു മറ്റൊരു കുട്ടി അമ്മയുടെ വാലു പോക്കെ പിടിച്ചു അമ്മയെകൊണ്ട് കല്ലെടുപിച്ച്ചു. അമ്മയുടെ കാലു എന്ത് മാത്രം നൊന്തു കാണും! അമ്മയുടെ കണ്ണില്‍ നിന്നും ഒലിച്ചിറങ്ങിയ കണ്ണീര്‍ അവര്‍ കണ്ടതേയില്ല. ഈ കുട്ടികള്‍ തീരെ കരുണയില്ലാത്തവര്‍ ആണെന്നാണ് അമ്മയുടെ പക്ഷം.
തുമ്പി പിന്നെയും ഒരു പുല്‍നാമ്പില്‍  സംശയിച്ചിരുന്നു. കുട്ടികളേയും  പന്തിനേയും  മാറി മാറി നോക്കിയിരുന്ന തുമ്പി,  പിന്നില്‍ നിന്നും വന്ന വെളുത്തു തടിച്ച ആ പയ്യനെ കണ്ടപ്പൊഴേക്കും പക്ഷെ അവന്റെ കയ്യില്‍ അകപെട്ടു കഴിഞ്ഞിരുന്നു. ചിറക് മുറിച്ചു മാറ്റപെട്ട വേദന ഒരു അലറ്ച്ച്ചയായി  തീരും മുന്പേ പാവം തുമ്പി അവന്റെ ചെരുപ്പിനടിയില്‍ ഞെരിഞ്ഞമര്‍ന്നുപോയി!

Tuesday, January 29, 2013

കവിതകളും ഞാനും.


കവിതകളെ ഞാന്‍ 
വെറുക്കുവാന്‍ ശ്രമിച്ചു.
കുറെ എണ്ണത്തിനെ
ചീന്തിയെറിഞ്ഞു.
ചിലതിനെ ഞാന്‍ 
മനപ്പൂര്‍വം മറന്നു.
ഒരു ചില്ലുകവിതയെ
തച്ചുടച്ചു കളഞ്ഞു .
മനസ്സില്‍ കവിത പെയ്തപ്പോള്‍     
കാറ്റായി അതിനെ വീശിയകറ്റി.
വിരിഞ്ഞു വന്ന കവിതയെ
നുള്ളിയെടുത്ത് 
പേനക്കുള്ളില്‍ തിരുകി.
തെന്നലായ് വന്ന കവിതകളിലെ 
ഓരോ വരികളെയും
 പെറുക്കിയെടുത്ത്
പുഴയിലെറിഞ്ഞു.
അവ ഓളങ്ങളായി പരന്നൊഴുകി. 
എനിട്ടും കവിതയ്ക്ക്
എന്നോട് സ്നേഹമാണ്. 
എന്റെ കണ്ണീരില്‍ പേമാരിയായും 
പുഞ്ചിരിയില്‍ മഞ്ഞുതുള്ളിയായും
എന്റെ മനസ്സില്‍ 
കവിത പെയ്തിറങ്ങുന്നു. 
അങ്ങിനെ വന്നതാണീ കവിതയും