Wednesday, August 24, 2011

നിഴല്‍

നിഴല്‍: നിങ്ങളെങ്ങോട്ടാ?
ഞാന്‍ :എവിടെക്കായാലും നിനക്കെന്താ? നിനക്കെന്നെ പിന്തുടര്‍ന്നാല്‍ പോരെ?
നിഴല്‍:എപ്പോഴും പിന്തുടരാന്‍ പറ്റില്ല.
ഞാന്‍ :അതെന്താ?
നിഴല്‍:നീ വെളിച്ചതിലേക്കടുക്കുമ്പോള്‍ ഞാന്‍ നിന്നെ പിന്തുടരാം.പക്ഷെ നീ വെളിച്ചത്തില്‍ നിന്നകലുംബോള്‍ ഞാന്‍, നിന്റെ കറുത്ത രൂപം, മുന്നില്‍ നടക്കും. വെളിച്ചമില്ലാത്ത വീഥികള്‍ എനിക്കിഷ്ടമല്ല. നീ ഇരുളിനെ തേടുമ്പോള്‍,  നീ തനിച്ചാണ് യാത്ര.

Tuesday, August 16, 2011

ഞാന്‍

ജീവിതത്തിലുണ്ട് ഞാനെന്നും
 നിന്‍ ചാരെയെങ്കിലും
മരണത്തിലില്ല; നീ തനിച്ചാണ്
ആ യാത്രയിലെന്നും.

Monday, August 15, 2011

ആഗസ്റ്റ്‌ 15



ഒരിക്കല്‍ കൂടി,
ഒരാഗസ്റ്റ്‌ പതിനഞ്ച്,
ഒരു സ്വാതന്ത്ര്യദിനം.
പതിവുപോലെ
സൂര്യോദയം,
പിന്നെ, അസ്തമയം.
അടിമച്ചങ്ങല
ഒന്നുകൂടി മുറുക്കുവാന്‍,
വിജ്ഞാനത്തിന്‍ വെളിച്ചം
ഊതിക്കെടുത്തുവാന്‍,
അഴിമതിയില്‍
മുങ്ങിക്കുളിക്കുവാന്‍,
ചക്കരഭരണിയില്‍
കയ്യിട്ടുവാരാന്‍,
എന്‍ഡോസള്‍ഫാന്‍ ഇരകളെ
കണ്ടില്ലെന്നു നടിക്കാന്‍,
മുതലാളിത്തത്തിന് മുന്നില്‍
ഓചാനിച്ചു നില്‍കാന്‍,
എന്നിട്ട് തിരിഞ്ഞുനിന്നു
ഞാന്‍ ശക്തനെന്നു പറയാന്‍,
മനസ്സും മസ്തിഷ്കവും
വായുവും വെള്ളവും
വിറ്റുതുലക്കാന്‍,
എല്ലാത്തിനും വേണ്ടി
ഒരു ദിനം കൂടി.
ഒരു ശാംപൈന്‍ തുറന്നു
കെന്‍റുക്കി ചിക്കന്‍ ഫ്രൈയുടെ
മഹത്തായ സാനിദ്ധ്യത്തില്‍
ആഘോഷിക്കുന്നു നാം
നമ്മുടെ നാടിന്റെ  

Wednesday, August 10, 2011

മാറ്റം

തെളിനീരോഴുകിയിരുന്നു,
പണ്ടൊരു നാള്‍, ഈയാറില്‍.
നീലപ്പൊന്മകള്‍ പാറിനടന്നിരുന്നു,
പരല്മീനുകളനവധി
നീന്തിത്തുടിച്ചിരുന്നു.
കൊറ്റികളൊറ്റക്കാലില്‍ നിന്ന്
തപസ്സ് ചെയ്യുമായിരുന്നു.
മുളങ്കാടുകളെന്നും പൂത്തുലഞ്ഞു.
ഓണക്കാലത്തെ അവധിക്കു
സഹോദരങ്ങള്‍ക്കൊപ്പം
ചൂണ്ടയുമായി ഞാനും പോയിരുന്നു,
മീനുകളൊന്നും കിട്ടിയില്ലെങ്കിലും.
പുഴയില്‍ ആര്‍ത്തുല്ലസിച്ചു,
കടത്ത് തോണിയില്‍
കളിച്ചു രസിച്ചു.
ഇന്ന്,
സഹോദരങ്ങളില്ലിവിടെ,
അവര്‍ ദൂര ദേശങ്ങളില്‍.
അവധികള്‍, ഉറങ്ങിത്തീര്‍ക്കാന്‍.
പുഴയില്‍ കളിയുമില്ല, കുളിയുമില്ല!
മുളങ്കാടുകള്‍ വെട്ടിമാറ്റപ്പെട്ടു,
കൊറ്റികള്‍ തപ്സ്സുനിര്‍ത്തി.
പരല്മീനുകള്‍ ചത്തു പൊന്തി.
പൊന്മകള്‍ തീറ്റതേടിയലഞ്ഞു
പിന്നെ, പാറിയകന്നു പോയി.
തെളിനീര്‍ പുഴക്കിന്നു
പെട്രോള്‍ നിറം പകര്‍ന്നു.
സൂര്യരശ്മികളേറ്റതു
മിന്നിത്തിളങ്ങി നില്‍ക്കുന്നു.
മണല്‍ ലോറികളും
കഴുകുന്ന വാഹനങ്ങളും
പുഴയെ കൊന്നു തിന്നുന്നു.
ഇത് ഗ്രാമീണതയില്‍ നിന്നും
നാഗരികതയിലേക്കുള്ള മാറ്റമെന്നു
ആശ്വസിക്കുന്നു ഈ സമൂഹം.
എന്നാലും ഒരു നെഞ്ചിടിപ്പ്,
മാറ്റം സ്വാതന്ത്ര്യത്തില്‍ നിന്നും
അടിമത്തത്തിലേക്കാകുമോ?

Tuesday, August 9, 2011

മലര്‍വാടി


പൂവൊന്നെനിക്ക് വേണമെന്നുണ്ടായിരുന്നു,
പുഞ്ചിരി ക്കുന്ന, സുഗന്ധം വീശുന്നൊരുപുഷ്പം.
മന്ദഹാസം തൂകുന്നൊരാ സ്വര്‍ഗപ്പൂവിനായി
മലര്‍വാടിയിലേറെ തിരഞ്ഞു ഞാനന്ന്‍.
പൂത്തുലഞ്ഞു നില്‍കുന്ന ജമന്തി
പക്ഷേ, സുഗന്ധം വീശുന്നില്ലായിരുന്നു.
മഞ്ഞിന്‍ നിറമുള്ള മുല്ലപ്പൂവിന്
മോഹിച്ചത്രയും വലുപ്പമില്ലായിരുന്നു.
മന്ദസ്മിതം തൂകുന്ന പനന്നീരിനാണേല്‍
മുള്ള് നിറഞ്ഞൊരു മേനിയും!
ഈ പൂന്തോപ്പൊരു പള്ളിപ്പറംബുപോലെ-
ന്നൊരു വേള ചിന്തിച്ചു പോയി ഞാന്‍!
പൂകളെത്തിരഞ്ഞു നടന്നു ഞാന്‍ അന്ധമായി
പൂന്തോപ്പ് പിന്നിട്ടു, പുല്‍മൈതാനവും.
കാട്ടുവഴിലേറെ പരതി നിന്നു പിന്നെയും,
കാട്ടിലും ഞാനേറെ നടന്നന്വേഷിച്ചു.
ഓരോ പൂവിനുമോരോ ദോഷങ്ങള്‍
ഓരോ മനുഷ്യനുമെന്നപോലെ.
കാര്യങ്ങളോരോന്നു ചിന്തിച്ചു നടക്കവേ,
കണ്ട് ഞാന്‍ മുന്നില്‍, അനന്തമായി മരുപ്പറംബ്.
കായില്ല, പൂവില്ല, ചെടിയില്ലെവിടെയും
കണ്കുളിര്‍ക്കെയോന്നു കാണുവാന്‍!
എത്ര സുന്ദരം! മുന്കണ്ട പൂക്കളത്രയും,
ഓര്‍ത്തുപോയാ പൂന്തോപ്പ്, ഞാനന്നേരം.
ദോഷങ്ങളില്ലാത്തൊരു പുഷ്പവും നമുക്കില്ല,
ദോഷങ്ങളില്ലാതൊരു മനുഷ്യ ജീവിയും.
ദോഷങ്ങളെ മറന്നു സ്നേഹിപ്പതെങ്കില്‍
ദാരിദ്ര്യമില്ല, സുഹൃത്തുക്കളില്‍ നമുക്കെന്നും. 

Sunday, August 7, 2011

സ്നേഹം

ഒരു റെഡ്‌ റോസിന് വില
ടെന്‍ റുപ്പീസ്,
ഒരു വലന്റൈന്‍ കാര്‍ഡിന്
ഫിഫ്റ്റി റുപ്പീസ്,
ഒരു വലന്റൈന്‍ ഗിഫ്റ്റ്-
ഹണ്‍ഡ്റഡ് റുപ്പീസ്.
അന്ന് വൈകുന്നേരം
എനിക്ക് കിട്ടിയ സ്നേഹങ്ങള്‍
ഞാനളന്നു നോക്കി.
എന്റെ പ്രിയ തോഴന്‍ തന്നത്,
പത്ത് രൂപ മാത്രം.
കളിത്തോഴി തന്നത് ഫിഫ്റ്റി.
എന്റെ ക്ലാസ്മേറ്റ്സ്
വണ്‍ ഹണ്‍ഡ്റഡ് റുപ്പീസ്.
എന്റെ കാമുകന്
അഞ്ഞൂറിനടുത്ത് സ്നേഹം.
ഇതൊന്നും നല്‍കാത്ത
എന്റെ മാതാപിതാക്കള്‍,
സഹോദരന്മാര്‍.
ഇവര്‍ക്കൊന്നും എന്നോടെന്താ
സ്നേഹമില്ലാത്തത്?
അറ്റ് ലീസ്റ്റ്, ലവ് ഫോര്‍ വണ്‍ റുപ്പീ?

ജീവിതം

പിറക്കുന്നുവീമണ്ണിലെങ്കില്‍
പാറിപ്പറക്കണം നീ പാരാകെ
പതറാതെ ഉയരണം വാനിലോളം.
മായാത്ത മുദ്രകള്‍ ഒന്നുമില്ലെങ്കില്‍
മരിച്ചതിനൊക്കുമേ ജീവിച്ചിരിക്കലും.

Saturday, August 6, 2011

ഹാപ്പി ഫ്രണ്ട്ഷിപ്പ് ഡെ!



എന്നാത്മ സുഹൃത്തിന്
ഹാപ്പി ഫ്രണ്ട്ഷിപ്പ് ഡെ!
ഈ സ്നേഹം പങ്കുവെക്കുവാന്‍
ഒരു ദിനം നല്‍കിയ സമൂഹത്തിനു,
ഒരായിരം നന്ദി!
തിരക്കാണ് സുഹ്രുത്തേ, ജീവിതം.
എന്നുമെന്നുമോര്‍ക്കാന്‍ പ്രയാസം.
എങ്കിലും നമുക്കീ ദിനമുണ്ടല്ലോ
പരസ്പരം ഓര്‍മിക്കുവാന്‍
ഈ സ്നേഹം പങ്കുവെക്കുവാന്‍...!
രാഷ്ട്രീയം പറഞ്ഞന്നു നമ്മള്‍
പരസ്പരം തല്ലിയതോര്‍മയുണ്ടോ?
ഇന്നതോര്‍ത്തു ചിരിക്കുന്നു,
ആദര്‍ശത്തിലെവിടെ ആത്മബന്ധം?
നീയാണരികിലെന്നറിയാന്‍
നാളേറെ കഴിയേണ്ടിവന്നെനിക്ക്.
അത്ത്രയേറെ നമ്മുടെ ഹൃദയങ്ങള്‍
അകലങ്ങളിലായിരുന്നു.
എങ്കിലും, ഇന്നീ ദിനത്തില്‍,
നമുക്ക് സൌഹൃദം പങ്കിടാം.
നാളെയിത് നിലനിന്നില്ലെന്കിലോ..
നീ വരുമെന്ന വിശ്വാസത്തില്‍.
ഞാന്‍ കാത്തിരിക്കും.
NB: ഒരു 'വിദേശി'യുണ്ടിവിടെ,
      നമുക്കത് പൊട്ടിക്കാം.
        പുതിയ സി.ഡികളുണ്ടെങ്കില്‍
കയ്യില്‍ കരുതുക.

മരണം

ആത്മാവിനെ തൂക്കാന്‍
എനോക്കൊരു തുലാസ് വേണം.
ആരോ പറഞ്ഞു
ആത്മാവുള്ള ശരീരവും
ആത്മാവില്ലാത്ത ശരീരവും
ഒരേ തുലാസില്‍ തൂക്കുക,
എന്നിട്ട്, ആദ്യത്തേതില്‍ നിന്നും
രണ്ടാമത്തേത് കുറക്കുക.
അങ്ങിനെ ഞാന്‍ കുറച്ചപ്പോള്‍
ആകാശത്തില്‍ നിന്നും ഞാന്‍ കണ്ടു,
എനിക്ക് ശരീരമില്ലായിരുന്നു,
ആത്മാവ് മാത്രം!