സമയത്തിനു മുന്നേ ഓടാൻ ശ്രമിക്കുന്ന മനുഷ്യർ... അവർ ഓടുന്നത് അവരുടെ അന്ത്യത്തിലേക്കാണെന്നു ഓർക്കുന്നേയില്ല.
ഓടുന്നവർ എവിടെയും ആദ്യം എത്തുമല്ലോ. പതുക്കെ നടക്കുന്നവർ ജീവിതം ആസ്വദിച്ച് പതുക്കെ എത്തുന്നു. അവരുടെ അന്ത്യത്തിലേക്ക്. എന്നാലും അധികപേരും ഓടിക്കൊണ്ടിരിക്കുന്നു. എല്ലാം വെട്ടിപ്പിടിച്ച് മുന്നേറി അജയ്യനായി ഓടിക്കൊണ്ടിരിക്കുന്നു...
ഈ ഓട്ടത്തിലാണ് ഞാനും. 9 മണിക്ക് മുന്നേ മോളെ സ്‌കൂളിൽ വിടണം. സ്‌കൂൾഗെയ്റ്റിന് മുന്നിൽ കാറും നിർത്തി മോളുടെ കയ്യും പിടിച്ച് ഒരു ഓട്ടമാണ്. അവളുടെ കുഞ്ഞിക്കാലുകൾ എന്നോടോപ്പൊമെത്താൻ പാടു പെടുന്നുണ്ടാകും.അവളെ ക്‌ളാസ്സിലാക്കി തിരിച്ചു ഓടുമ്പോൾ ഹൃദയം വിങ്ങുന്നുണ്ടാവും, ഒരു മിനിറ്റ് അവിടെ നിന്ന്, അവൾക്കൊരു ഉമ്മ കൊടുത്തു, 'വൈകീട്ട് വേഗം വരാം'എന്ന് പറഞ്ഞു പിരിഞ്ഞു പോരാൻ സമയമില്ലല്ലോ എന്നോർത്ത്. ആ വിങ്ങലുമായി പിന്നെയും ഓട്ടമാണ്,9:30-ക്ക് മുന്നേ ഓഫീസിൽ എത്താനുള്ള പാച്ചിൽ. ക്ലോക്കിലെ മിനിറ്റ് സൂചിയോടാണ് മത്സരം, അല്ലെങ്കിൽ കാറിൽ മിന്നിമറയുന്ന ഡിജിറ്റൽ ക്ലോക്കിലെ അക്കങ്ങളോടാണ് മത്സരം.
തിരക്കിനിടയിലും പക്ഷെ, ആ കാഴ്ച ഞാൻ കാണാതെ പോകാറില്ല. സ്‌കൂളിന്റെ മുന്നിലുള്ള ഗുൽമോഹറിനു കീഴിൽ ഏതോ സ്‌കൂൾ ബസ് കാത്തുനിൽക്കുന്ന ഒരമ്മയും മകളും. ജീവിതം നടന്നാസ്വദിക്കുന്നവർ. ഋതുക്കൾക്കനുസരിച്ച് മാറിവരുന്ന നിറങ്ങൾക്ക് കീഴിൽ മാറ്റമില്ലാതെ നിൽക്കുന്ന രണ്ടുപേർ. മൂന്ന് - നാല് വർഷത്തിനുള്ളിൽ കൗമാരത്തിലേക്ക് അന്ന് മോളെ ക്ലാസ്സിലാക്കാൻ ചെന്നപ്പോൾ അനീഷിന്റെ അമ്മയും ടീച്ചറും എന്തോ സംസാരിച്ചു നില്കുന്നത് കണ്ടു. അനീഷ് മോളുടെ ക്ലാസ്സിൽ പഠിക്കുന്നു. അനീഷിനെ കണ്ട മോളുടെയും മോളെ കണ്ട അനീഷിന്റെയും കണ്ണുകൾ വികസിക്കുന്നത് ഞാൻ കണ്ടു. നിർമ്മലമായ സ്നേഹം. പ്ലാസ്റ്റിക്കല്ലാത്ത പുഞ്ചിരി. ഈ കുരുന്നുകൾ വളയരുമ്പോൾ അവരുടെ കൂടെ ഈ പുഞ്ചിരിയും വരളുമല്ലോ എന്ന് ഞാൻ നെടുവീർപ്പിട്ടു. മോളുടെ കയ്യിൽ ബാഗ് ഏൽപ്പിക്കുമ്പോൾ അനീഷിന്റെ 'അമ്മ പറയുന്നത് ഞാൻ കേട്ടു, "ക്ലാസ്സിൽ ശ്രദ്ധിക്കില്ല, ഇഡിയറ്റ് !". തലയുയർത്തി നോക്കിയപ്പോൾ കണ്ടത്, അനീഷിന്റെ ചെവി പിടിച്ച് തിരിക്കുന്ന അവന്റെ അമ്മയെ നോക്കി വല്ലാതെയായി നിൽക്കുന്ന ടീച്ചർ!
മോളെ ക്ലാസ്സിൽ വിട്ടു തിരിച്ചു നടക്കുമ്പോൾ, അനീഷിന്റെ അമ്മയെ വീണ്ടും കണ്ടു. 'അമ്മ എന്നോടൊപ്പം കൂടി.
"എന്താ പ്രശനം?" ഞാൻ ചോദിച്ചു.
"കഴിഞ്ഞ ക്ലാസ് ടെസ്റ്റിൽ മാച്ച് ദി ഫോള്ളോവിങ്ങിൽ 'S' എന്ന ലിറ്ററിന് ഒരു സ്വാനിന്റെ പിക്ചർ അന്ന് കൊടുത്തിരുന്നത്. സ്വാൻ ഇവന്റെ ബുക്കിൽ ഇല്ല. ഞാൻ പഠിപ്പിച്ചുമില്ല. അത് കാരണം അവന്റേതു തെറ്റി. ഒരു മാർക് പോയി." 'അമ്മ പറഞ്ഞു നിർത്തി. ഒരു നിമിഷം കഴിഞ്ഞു വീണ്ടും തുടർന്ന്, " ഞാൻ ടീച്ചറോട് അതെ പറ്റി ചോദിച്ചതാ. അപ്പൊ അവർ പറയുന്നത് എല്ലാ ലെറ്റേഴ്സിനും ബുക്കിൽ ഇല്ലാത്ത ഒരു എക്സ്ട്രാ വേർഡ് പഠിപ്പിക്കും എന്നാ. കുട്ടി ക്ലാസ്സിൽ ശ്രദ്ധിക്കുണ്ടോ എന്നറിയാൻ. " ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു. എന്റെ സമയം ഓടുന്നുണ്ടായിരുന്നു. എന്റെ നിർവികാരത പക്ഷെ അവരെ കൂടുതൽ ഉത്സാഹവതിയാക്കി. "എന്തായാലും കംപ്ലൈന്റ്റ് ചെയ്തത് നന്നായി എന്ന് തോന്നുന്നു. ഇനി മുതൽ ടീച്ചർ പഠിപ്പിക്കുന്ന ആ എക്സ്ട്രാ വേർഡ് നോട്ട് ബുക്കിൽ എഴുതി അയക്കാം എന്ന് പറഞ്ഞിട്ടുണ്ട്." ഒരു വിജയിയെ പോലെ അവർ പറഞ്ഞു.
കണ്ണുകൾ നിറഞ്ഞു മുഖം ചുവന്നു ചെവി തടവിയുള്ള അനീഷിന്റെ ആ നിൽപ് കണ്ടാൽ ഏതു ടീച്ചറും അങ്ങിനേ പറയൂ.
സംസാരിച്ചു നിന്നും സമയം പോയത് കാരണം ഇന്ന് ആ ചുകന്ന ഗുല്മോഹറിന് ചുവട്ടിൽ 'അമ്മ തനിച്ചെ ഉണ്ടായിരുന്നുള്ളൂ. അന്ന് ആ അമ്മയുടെ മഖത്ത് എന്തെന്നില്ലാത്ത പ്രകാശം, സന്തോഷം. ഏതായാലും സമയം പോയി. ഇനി കുറച്ച് വൈകിച്ചെക്കാം എന്ന ചിന്ത എന്നെ ആ അമ്മയോട് സംസാരിക്കാൻ പ്രേരിപ്പിച്ചു. അമ്മയുടെ മുഖത്തെ സന്തോഷവും എന്നെ അവരിലേക്ക് അടുപ്പിച്ച്.
"ഇന്ന് നല്ല സന്തോഷത്തിലാണല്ലോ!" ഞാൻ പറഞ്ഞു.
"ഹും ... അതെ. സന്തോഷത്തിലാ. ഇന്ന് എന്റെ മോള് 'സ' എന്ന അക്ഷരം ഉച്ചരിക്കാൻ പഠിച്ചു ." അഭിമാനം നിറഞ്ഞ വാക്കുകൾ. പക്ഷെ എനിക്കൊന്നും മനസ്സിലായില്ല.
"സായോ?" ഞാൻ ചോദിച്ചു.
"അതെ. സ. അവൾ സംസാരിക്കാൻ ബുദ്ധിമുട്ടുള്ള കുട്ടിയാ. സ്പെഷ്യൽ സ്‌കൂളിലാ പഠിക്കുന്നത്. കുറെ നാളത്തെ പരിശ്രമങ്ങൾക്ക് ശേഷം ഇന്നലെയാണ് അവൾ 'സ' എന്ന ശബ്ദമുണ്ടാക്കാൻ പഠിച്ചതു."
ആ അമ്മയുടെ ഹൃദയത്തിൽ നിന്നും ഒഴുകിയ സ്നേഹവും അഭിമാനവും സന്തോഷവറും ആ പ്രദേശത്തെയാകെ പ്രകാശിപ്പിക്കുന്നതായി എനിക്ക്
തോന്നി. എന്റെ ക്ലോക്കിലെ സൂചികളും മിന്നിമറയുന്ന അക്കങ്ങളും എല്ലാം നിശ്ചലമായി നിന്നു.