Friday, October 7, 2011

എന്റെ വെള്ള തട്ടം

ഞാന്‍ കുഞ്ഞായിരുന്നപ്പോള്‍ എന്റെ വല്ല്യുമ്മാക്ക് ഒരു വെള്ളതട്ടമുണ്ടായിരുന്നു. പൊടി പിടിച്ചു നിറം മങ്ങിയ ഒരു വെള്ളത്തട്ടം. വെല്ല്യുമ്മ അതെന്താ വൃത്തിയാക്കി വെക്കാതതെന്നു ഞാന്‍ എപ്പോഴും ആലോചിച്ചിരുന്നു.
പിന്നീട് ഞാന്‍ വലുതായി. എന്റെ ഉമ്മ എനിക്കൊരു വെള്ളത്തട്ടം തയ്പിച്ചു തന്നു. നല്ല വെണ്മയുള്ള തട്ടം. അത് എപ്പോഴും വൃത്തിയാക്കി വെക്കാന്‍ ഞാന്‍ ശ്രമിച്ചു.
പക്ഷേ എന്റെ കയ്യില്‍ നിന്നും അതില്‍ ഒരു പാട് വീണു. ബാക്കി വന്ന ചില്ലറ കൊണ്ട് ആരും അറിയാതെ വാങ്ങിച്ച ഒരു മിഠായിയില്‍ നിന്നും വീണ ചോക്ലേറ്റിന്റെ കറ. നഷ്ടപെട്ട നിഷ്കളങ്കതയുടെ അടയാളം. അത് ആദ്യത്തെ കറ മാത്രമായിരുന്നു. പിന്നീട് വന്ന കറകളില്‍ ഏറ്റവും നിറം കുറഞ്ഞ കറ.
വേനലില്‍ പാടത്തു പന്ത് കളിയ്ക്കാനും മാവില്‍ കേറാനും ആരാന്റെ പറമ്പില്‍ പോയി പറങ്കി അണ്ടി കക്കാനും തോട്ടത്തില്‍ നിന്നും ജാതിക്ക പറിക്കാനും പോയപ്പോള്‍ പാറി വീണ പൊടി തട്ടത്തിന്റെ നിറം മഞ്ഞയാക്കി. ഞാന്‍ ഒരു മരം കേറിപ്പെണ്ണാനെന്നു നാട്ടുകാര്‍ ആ തട്ടം നോക്കിപ്പറഞ്ഞു.
തലയില്‍ പേന്‍ പുഴുത്തപ്പോള്‍ കയ്യില്‍ കിട്ടിയ പേനയുമായി ഞാന്‍ തല ചൊറിഞ്ഞു. തട്ടത്തില്‍ നല്ല നീലപ്പാടുകള്‍ വീണു. ഹീറോ പേനയുടെ റോയല്‍ ബ്ലൂ മഷിയുടെ കറകള്‍. എത്ര കഴുകീട്ടും അത് പിന്നേം പിന്നേം വന്നു, ഞാന്‍ വൃത്തിയും വെടിപ്പുമില്ലാത്ത കുട്ടിയായി മാറി.
കൌമാരത്തില്‍ കൂട്ടുകൂടി നടന്നപ്പോള്‍ വീണ അനുസരണക്കേടിന്റെ കറകള്‍ ഇപ്പോഴും പോയിട്ടില്ല. പേരക്ക മരത്തിന്റെ ചുള്ളികൊണ്ട് അടികിട്ടിയപ്പോള്‍ വീണ പച്ച നിറമുള്ള പാടുകള്‍, ടീച്ചര്‍ ചോക്ക് കൊണ്ടെറിഞ്ഞപ്പോള്‍ വീണ വര്‍ണാഭമായ പാടുകള്‍.
കൌമാരം കഴിഞ്ഞു യുവത്വത്തിലെക്കും കോളേജിലേക്കും ഞാന്‍ പടികയറി. ഒരിക്കല്‍ ആരോ ചൂണ്ടിക്കാണിച്ചു തന്നപോഴാണ് ഞാന്‍ അത് ശ്രദ്ധിച്ചത്, എന്റെ തട്ടത്തില്‍ വൃത്തിയില്ലാത്ത ഒരു കറുത്ത കറ. ഭയങ്കര നാറ്റവും. അതെന്താണെന്ന് എത്ര ആലോചിച്ചിട്ടും അന്നെനിക്ക് മനസ്സിലായില്ല. പിന്നീട് യുവത്വം കഴിഞ്ഞു, സിരകളിലെ രക്തം ചൂടാറിയപ്പോഴാണ് എനിക്ക് പിടികിട്ടിയത്, അതെന്റെ കണ്ണിന്റെ കറയായിരുന്നെന്ന്. കണ്ണുകള്‍ താഴോട്ട് തിരിക്കാന്‍ അള്ളാഹു കല്പിച്ച സന്ദര്‍ഭങ്ങളില്‍ ഞാന്‍ അത് ചെയ്യാത്തതിന്റെ ഫലമായി വീണ കറുത്ത പാട്.
പിന്നീടെപ്പോഴോ എന്റെ തട്ടത്തില്‍ വീണ രക്തത്തിന്റേയും മാംസത്തിന്റെയും പാടുകള്‍ ഞാന്‍ കണ്ടില്ല. ഞാന്‍ പാരദൂഷണക്കാരിയായി മാറിയതും ഞാന്‍ അറിഞ്ഞില്ല. കൂട്ടുകാരുടെ കുറ്റങ്ങള്‍ കണ്ടുപിടിച്ചു പറഞ്ഞു പരത്തുന്നത് എന്റെ ജോലിയായി. അതോടൊപ്പം എന്റെ തട്ടവും പാടുകള്‍ കൊണ്ട് നിറഞ്ഞു.
ഇന്ന് അവേശങ്ങളും ആഗ്രഹങ്ങളുമില്ലാതായി. യുവത്വം കഴിഞ്ഞു. പുതിയ വഴികളിലൂടെ സഞ്ചരിക്കണമെന്നുണ്ട്. പക്ഷെ അതിനു തട്ടം വൃത്തിയുള്ളതു വേണ്ടേ? ഇത് വെച്ചു നോക്കുമ്പോള്‍ എന്റെ വല്ല്യുമ്മയുടെ തട്ടം വളരെ വൃത്തിയുള്ളതായിരുന്നു, അതില്‍ ഇത്തിരി പോടിയല്ലേ ഉണ്ടായിരുന്നുള്ളൂ! ഞാന്‍ തട്ടം കഴുകാന്‍ തീരുമാനിച്ചു. ആദ്യം സോപ്പ് കൊണ്ട് കഴുകി, കറകള്‍ പോയില്ല. പിന്നെ തിളപ്പിച്ചു. എനിട്ടും കറകള്‍ പോയില്ല. ക്ലോറക്സില്‍ മുക്കി വെച്ചു. എനിട്ടും വിഫലം. കറകള്‍ ശോഭിച്ചങ്ങിനെ നില്‍കുന്നു. ഇനി എന്ത് ചെയ്യും? ഞാന്‍ തലപുകച്ചു.
എന്റെ തട്ടമല്ല, എന്നെയാണ് കഴുകേണ്ടതെന്നു ഞാന്‍ എന്നാണ് മനസ്സിലാക്കുക? എന്റെ ഹൃദയത്തിലാണ് ഈ കറകളൊക്കെയും എന്ന് ഞാന്‍ എന്നാണറിയുക?

18 comments:

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

എല്ലാ അര്‍ത്ഥത്തിലും നല്ല മനോഹരമായ കഥ.അഭിനന്ദനങ്ങള്‍

Yasmin NK said...

സര്‍ഫ് എക്സല്‍ ഉപയോഗിക്കൂ...

മെഹദ്‌ മഖ്‌ബൂല്‍ said...

എന്റെ തട്ടമല്ല, എന്നെയാണ് കഴുകേണ്ടതെന്നു ഞാന്‍ എന്നാണ് മനസ്സിലാക്കുക? എന്റെ ഹൃദയത്തിലാണ് ഈ കറകളൊക്കെയും എന്ന് ഞാന്‍ എന്നാണറിയുക?


വല്ലാതെ ഉള്ളുലക്കുന്ന പോസ്റ്റ്..
നല്ല രചനാപാടവവും ഉണ്ട്

ഭാവുകങ്ങള്‍ നേരുന്നു...

jayanEvoor said...

ഇപ്പോൾ മനസ്സിലായല്ലോ!

നമ്മളെല്ലാവരും ഉള്ളിലേക്കു നോക്കാൻ സമയം കണ്ടെത്തട്ടെ!

ബഷീർ said...

ഹൃദയശുദ്ധിയാണ്‌ നമുക്ക് വേണ്ടത്..ഇല്ലാതെ പോകുന്നതും അത് തന്നെ. അന്യരുടെ കുറ്റവും കുറവും ചികയുന്നതിനിടയില്‍ ഹൃദയം കറുത്തിരുളുന്നത് നാം അറിയുന്നില്ല

പോസ്റ്റ് നന്നായി ..കൂടുതല്‍ നല്ല പോസ്റ്റുകള്‍ക്ക് ആശംസകള്‍

ഫൈസല്‍ ബാബു said...

വായിക്കുക യായിരുന്നില്ല ,ഈ പോസ്റ്റുകളില്‍ കൂടി മനസ്സും കൂടെ സഞ്ചരിക്കുകയായിരുന്നു!! ബൂലോകത്തെ പല നല്ല പോസ്റ്റുകളും ആരും കാണാതെ പോവുന്നതെന്തേ? ....

ഫൈസല്‍ ബാബു said...

വായിക്കുക യായിരുന്നില്ല ,ഈ പോസ്റ്റുകളില്‍ കൂടി മനസ്സും കൂടെ സഞ്ചരിക്കുകയായിരുന്നു!! ബൂലോകത്തെ പല നല്ല പോസ്റ്റുകളും ആരും കാണാതെ പോവുന്നതെന്തേ? ....

ഋതുസഞ്ജന said...

ടച്ചിംഗ് ആയ കഥ. ആശംസകൾ

കൊമ്പന്‍ said...

വളരെ നല്ല ഗുണ പാടത്തോടെ ഉള്ള ഒരു കഥ നിങ്ങളുടെ തട്ടം വെള്ള ആണെന്ന് നിങ്ങടെ ധാരണ മാത്രം ആയിരുന്നു
പക്ഷെ അതിനു പ്രതേകിച്ചു ഒരു കളര്‍ ഉണ്ടായിരുന്നില്ല നിങ്ങളുടെ പ്രവര്‍ത്തി ആണ് നിറം വരുത്തിയത്


അതെ കര്‍മം കൊണ്ട് നന്മ ഉണ്ടാകണം ഇന്ന് പലര്‍ക്കും ഇല്ലാത്തതും അതാണ്‌

പട്ടേപ്പാടം റാംജി said...

എല്ലാം തികഞ്ഞവനെന്നു നടിക്കുന്ന നമ്മള്‍ നമ്മിലെ കറകള്‍ കണ്ടാലും കാണാതെ മറ്റുള്ളവരുടെ കറകള്‍ സൂക്ഷമതയോടെ പരിശോധിക്കുമ്പോള്‍, തൂത്താലും തുടച്ചാലും വെട്ടിമാറ്റിയാലും മാറാത്ത കറകളുമായി നാമോരുരുത്തരും.....
ഇഷ്ടപ്പെട്ടു.

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ said...

അതെ സ്വയം ചിന്തക്കുതകുന്ന പോസ്റ്റ്‌
നന്നായി എഴുതി

ജയരാജ്‌മുരുക്കുംപുഴ said...

vlare hridayasparshi ayittundu.... aashamsakal..........

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

തട്ടം കേന്ദ്ര കഥാപാത്രമാക്കി നടത്തിയ രചന കൌതുകമുണര്‍ത്തി.
നടപ്പ് നന്നല്ലാത്തവന്റെ ഉടുപ്പ് നന്നായിട്ട് കാര്യമില്ല എന്ന ചൊല്ല് ഓര്‍മ്മിപ്പിച്ചു.
('പിന്നീട് യുവത്വം കഴിഞ്ഞു' എന്ന് രണ്ടുപ്രാവശ്യം ആവര്‍ത്തിച്ചത് കഥയിലെ കല്ലുകടിയായി എന്ന് തോന്നുന്നു.പരിശോധിക്കുക)
നല്ല കഥയ്ക്ക് ആശംസകള്‍.

എന്‍.പി മുനീര്‍ said...

കൊള്ളാം..എഴുത്ത് നന്നായി

mayflowers said...

പോസ്റ്റ്‌ കൊള്ളാലോ..
നമ്മുടെയൊക്കെ തട്ടങ്ങളില്‍ പറ്റിയിരിക്കുന്ന കറകളിലേക്ക് ഒരെത്തിനോട്ടം നടത്താന്‍ പറ്റി.

Poli_Tricss said...

well said

Vp Ahmed said...

എല്ലാവരിലുമുണ്ട് ഈ കറ. കഴുകി വൃത്തിയാക്കാന്‍ ശ്രമിക്കുന്നവര്‍ നന്നേ കുറവ്‌. വളരെ നല്ല പോസ്റ്റ്‌.
http://surumah.blogspot.com

സബിത അനീസ്‌ said...

മനസ്സിന്റെ ഉള്ളില്‍ തട്ടുന്ന കഥ. ആ ഉള്ളം പരിശുദ്ധമാക്കാന്‍ ഒരു ഓര്‍മപ്പെടുത്തല്‍... ഇനിയും തുടരൂ.....