Wednesday, January 30, 2013

തുമ്പി


പാടത്തു പന്ത് കളിക്കുന്ന കുട്ടികളെ നോക്കി തുമ്പി വീണ്ടും ആലോചിച്ചു - മുത്തച്ച്ചന്‍ പറഞ്ഞ കഥയാണോ അതോ  അമ്മ പറഞ്ഞ കഥയാണോ ശരി?
മുത്തച്ച്ചന്‍ പറഞ്ഞ കഥ ഇതാണ് - മുത്തച്ച്ചന്‍ പണ്ട് ഒരു കുട്ടിയുടെ കൂടെ കളിയ്ക്കാന്‍ പോയി. ആ കുട്ടി മുത്തച്ചനു കുളിക്കാന്‍ കുളവും, കളിയ്ക്കാന്‍ കളവും, ഇരിക്കാന്‍ പൊന്‍ തടുക്കും, ഉണ്ണാന്‍ പൊന്‍ തളികയും, കൈ കഴുകാന്‍ വെള്ളികിണ്ടിയും തോര്‍ത്താന്‍  പുള്ളിപ്പട്ടും നല്‍കി. രാജകീയമായിരുന്നു ആ ദിനങ്ങള്‍.. ഇന്നും മുത്തച്ച്ചന്‍ അതോര്‍ത്ത് ചിരിക്കുന്നതും നെടുവീര്‍പ്പിടുന്നതും കാണാം. കുട്ടികളെ മുത്തച്ചനു ഇപ്പോഴും ഇഷ്ടമാണ്.
പക്ഷെ അമ്മ പറഞ്ഞത് മറ്റൊരു കഥയാണ്. അമ്മയെ പിടിച്ച കുട്ടി അമ്മയെ ഒരു കുപ്പിക്കകത്തിട്ടു. പാവം അമ്മ! ആകെ പേടിച്ചു പോയി. കുറെ കഴിഞ്ഞു മറ്റൊരു കുട്ടി അമ്മയുടെ വാലു പോക്കെ പിടിച്ചു അമ്മയെകൊണ്ട് കല്ലെടുപിച്ച്ചു. അമ്മയുടെ കാലു എന്ത് മാത്രം നൊന്തു കാണും! അമ്മയുടെ കണ്ണില്‍ നിന്നും ഒലിച്ചിറങ്ങിയ കണ്ണീര്‍ അവര്‍ കണ്ടതേയില്ല. ഈ കുട്ടികള്‍ തീരെ കരുണയില്ലാത്തവര്‍ ആണെന്നാണ് അമ്മയുടെ പക്ഷം.
തുമ്പി പിന്നെയും ഒരു പുല്‍നാമ്പില്‍  സംശയിച്ചിരുന്നു. കുട്ടികളേയും  പന്തിനേയും  മാറി മാറി നോക്കിയിരുന്ന തുമ്പി,  പിന്നില്‍ നിന്നും വന്ന വെളുത്തു തടിച്ച ആ പയ്യനെ കണ്ടപ്പൊഴേക്കും പക്ഷെ അവന്റെ കയ്യില്‍ അകപെട്ടു കഴിഞ്ഞിരുന്നു. ചിറക് മുറിച്ചു മാറ്റപെട്ട വേദന ഒരു അലറ്ച്ച്ചയായി  തീരും മുന്പേ പാവം തുമ്പി അവന്റെ ചെരുപ്പിനടിയില്‍ ഞെരിഞ്ഞമര്‍ന്നുപോയി!

2 comments:

പട്ടേപ്പാടം റാംജി said...

കഥകള്‍ക്ക് ഭാവമാറ്റം സംഭവിച്ചെങ്കിലും കാര്യങ്ങള്‍ അന്നും ഇന്നും ഒന്നുതന്നെ.

ajith said...

അയ്യോ
കഷ്ടം