Wednesday, August 10, 2011

മാറ്റം

തെളിനീരോഴുകിയിരുന്നു,
പണ്ടൊരു നാള്‍, ഈയാറില്‍.
നീലപ്പൊന്മകള്‍ പാറിനടന്നിരുന്നു,
പരല്മീനുകളനവധി
നീന്തിത്തുടിച്ചിരുന്നു.
കൊറ്റികളൊറ്റക്കാലില്‍ നിന്ന്
തപസ്സ് ചെയ്യുമായിരുന്നു.
മുളങ്കാടുകളെന്നും പൂത്തുലഞ്ഞു.
ഓണക്കാലത്തെ അവധിക്കു
സഹോദരങ്ങള്‍ക്കൊപ്പം
ചൂണ്ടയുമായി ഞാനും പോയിരുന്നു,
മീനുകളൊന്നും കിട്ടിയില്ലെങ്കിലും.
പുഴയില്‍ ആര്‍ത്തുല്ലസിച്ചു,
കടത്ത് തോണിയില്‍
കളിച്ചു രസിച്ചു.
ഇന്ന്,
സഹോദരങ്ങളില്ലിവിടെ,
അവര്‍ ദൂര ദേശങ്ങളില്‍.
അവധികള്‍, ഉറങ്ങിത്തീര്‍ക്കാന്‍.
പുഴയില്‍ കളിയുമില്ല, കുളിയുമില്ല!
മുളങ്കാടുകള്‍ വെട്ടിമാറ്റപ്പെട്ടു,
കൊറ്റികള്‍ തപ്സ്സുനിര്‍ത്തി.
പരല്മീനുകള്‍ ചത്തു പൊന്തി.
പൊന്മകള്‍ തീറ്റതേടിയലഞ്ഞു
പിന്നെ, പാറിയകന്നു പോയി.
തെളിനീര്‍ പുഴക്കിന്നു
പെട്രോള്‍ നിറം പകര്‍ന്നു.
സൂര്യരശ്മികളേറ്റതു
മിന്നിത്തിളങ്ങി നില്‍ക്കുന്നു.
മണല്‍ ലോറികളും
കഴുകുന്ന വാഹനങ്ങളും
പുഴയെ കൊന്നു തിന്നുന്നു.
ഇത് ഗ്രാമീണതയില്‍ നിന്നും
നാഗരികതയിലേക്കുള്ള മാറ്റമെന്നു
ആശ്വസിക്കുന്നു ഈ സമൂഹം.
എന്നാലും ഒരു നെഞ്ചിടിപ്പ്,
മാറ്റം സ്വാതന്ത്ര്യത്തില്‍ നിന്നും
അടിമത്തത്തിലേക്കാകുമോ?

10 comments:

നന്ദിനി said...

മാറ്റം നന്നായിരിക്കുന്നു ...എങ്കിലും കവിത
എന്ന ഗണത്തില്‍ ഉള്‍പെടുമോ എന്നൊരു
സംശയം....
എല്ലാ നന്മകളും ...

അലീന said...

നമ്മുടെ നാടിന്റെ ഇന്നത്തെ അവസ്ഥ..സത്യമാണൂ..നഷ്ടങ്ങൾ നികത്താനാവാത്തതാണു എന്നു തിരിച്ചറിയാൻ നമുക്കിനിയും കഴിഞ്ഞിട്ടില്ല..

സസ്നേഹം-അലീന

Aadhi said...

കാലത്തിനൊത്ത് കോലം മാറുന്നവര്‍ !!!!!!!!!!!!!!!!!!!!!!!!!!!

(saBEen* കാവതിയോടന്‍) said...

കവിതകള്‍ ഇനിയും നന്നാകട്ടെ,

ഇത് പുഴയോ ?
അതോ ലൈ ലാന്‍ഡ് ലോറികള്‍ തന്‍ തിരയോ?

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ആറിന്റെ മാറ് നാം കീറീപ്പൊളിച്ചു
ചുടുചോര(വെള്ളം) വേഗത്തില്‍ ഊറ്റിക്കുടിച്ചു
മാംസമോ മൊത്തത്തില്‍(മണല്‍)കവര്‍ന്നെടുത്തു.
നാറുന്ന ആറിന്റെ ശേഷക്രിയക്കായ്‌
മറ്റൊരു ആറിനെ തേടിനടപ്പൂ നാം.

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ said...

നന്നായി ..ആശംസകള്‍

ഷാജു അത്താണിക്കല്‍ said...

പേടിക്കേണ്ടാ, മാറ്റം ഇനിയുമുണ്ട്, ഇതൊക്കെ ഒരു തുടക്കം,
കേട്ടില്ലേ പുത്തന്‍മാര്‍ പറയുന്നത്, നമ്മള്‍ യുറോപ്പ്യന്മാരുടെ അമ്പത് വര്‍ഷം പിന്നിലാണ് പോലും
കുറച്ച് കഴിഞാന്‍ ഈ ഗ്രാമങ്ങളിലെ മറീന ബീച്ചുകളില്‍ നമുക്ക് രാപ്പാര്‍ക്കാം, വൈനും ബിയറും വാങ്ങി മൂന്താം

മുസാഫിര്‍ said...

ഗ്രാമീണതയില്‍ നിന്ന് നാഗരികതയിലേക്ക്
ആശ്വാസം തന്നെയാണോ..?
എന്തായാലും
പതിഞ്ഞ വാക്കുകളിലെ ഈ
പ്രതിഷേധം ഇഷ്ടപ്പെട്ടു..
അഭിനന്ദനങള്‍..

മൈ ബ്ലോഗ്‌ കചടതപ.
വരണം, ഒഴിവു കിട്ടുമ്പോള്‍..

Najeeba said...

അഭിപ്രായങ്ങള്‍ക്ക് നന്ദി. ഷാജു പറഞ്ഞപോലെയുള്ള മാറ്റങ്ങള്‍ക്കു നമുക്ക് കാത്തിരിക്കാം, അല്ലെങ്കില്‍ ആ മാറ്റത്തിനെതിരെ നീന്തി വല്ല ജയിലിലും പോയി കിടക്കാം.

Prabhan Krishnan said...

ഇത് ഗ്രാമീണതയില്‍ നിന്നും
നാഗരികതയിലേക്കുള്ള മാറ്റമെന്നു
ആശ്വസിക്കുന്നു ഈ സമൂഹം...

വെറുതേയെങ്കിലും ആശ്വസിക്കാം...!!
ഈ നല്ല എഴുത്തിന്
ആശംസകള്‍..!!